Friday, April 17, 2015

വിഷു: ഭാരതത്തിന്റെ തനത് പുതുവര്‍ഷം




ശ്വര്യപൂര്‍ണമായ ഒരു പുതുവര്‍ഷത്തെ പ്രതീക്ഷിച്ചു കൊണ്ട് നാമെല്ലാം വിഷു കൊണ്ടാടുകയാണ്. നമ്മെ സംബന്ധിച്ചിടത്തോളം എറ്റവും പ്രധാനപ്പെട്ട ആഘോഷങ്ങളിലൊന്നാണ് വിഷു. കണികണ്ടുണര്‍ന്നും, കൈനീട്ടം നല്‍കിയും വിത്തിറക്കിയുമൊക്കെ നമ്മുടെ നാട് ഈ ആഘോഷത്തെ വരവേല്‍ക്കുന്നു. സൂര്യഭഗവാന്‍ തന്റെ ഉച്ചരാശിയായ മേഷരാശിയിലേക്ക് പ്രവേശിക്കുന്ന ദിവസമാണ് വിഷുവായി ആചരിച്ചു വരുന്നത്.വിഷു എന്നാല്‍ തുല്യമായത് എന്നര്‍ത്ഥം. അതായത് രാത്രിയും പകലും തുല്യമായ ദിവസമാണ് വിഷു. പാരമ്പരാഗത കാലഗണന പ്രകാരം മേടം ഒന്നാം തീയതിയാണ് മേടവിഷു. സംഘകാല കൃതികളില്‍ പോലും വിഷു ആഘോഷത്തെക്കുറിച്ചുള്ള പരാമര്‍ശങ്ങള്‍ നമുക്ക് കാണുവാന്‍ സാധിക്കും. ഭാരതത്തിലെമ്പാടും ഈ ദിവസം വളരെ അധികം പ്രാധാന്യത്തോടെ ആഘോഷിക്കപ്പെടുന്നു. . 

കേരളത്തില്‍ മംഗളവസ്തുക്കള്‍ കണികണ്ടു തുടങ്ങുന്ന വിഷു ആഘോഷങ്ങള്‍ പത്താമുദയം വരെ നീണ്ടുനില്‍ക്കുന്നു. കൈനീട്ടവും, വിഷുക്കോടിയും, വിഷുസദ്യയുമെല്ലാം മലയാളിയുടെ വിഷുവിനെ മനോഹരമാക്കിത്തീര്‍ക്കുന്നു. മഹാവിഷുവസംക്രാന്തിയായാണ് ഒഡീഷയിലെ ജനങ്ങള്‍ക്ക് ഈ ദിവസം. മഹാവിഷുവസംക്രാന്തിയോടനുബന്ധിച്ച് 21 വരെ ദിവസം നീണ്ടുനില്‍ക്കുന്ന നൃത്ത ആഘോഷങ്ങളും ഒഡിഷയില്‍ പലയിടത്തും ആചരിക്കപ്പെടുന്നു.  വടക്കേ ഇന്ത്യന്‍ സംസ്ഥാനങ്ങളില്‍, പ്രത്യേകിച്ച് പഞ്ചാബില്‍ വിഷു, ബൈശാഖി (വൈശാഖി) എന്ന പേരിലാണ് ആഘോഷിക്കപ്പെടുന്നത്. നല്ല വസ്ത്രം ധരിച്ചും രുചികരമായ ഭക്ഷണമുണ്ടാക്കിയും മധുരം കഴിച്ചും പാട്ടു പാടിയും നൃത്തം ചെയ്തും ബൈശാഖി ആഘോഷിക്കപ്പെടുന്നു.

ഉത്തരപൂര്‍വഭാരതത്തില്‍ ബോഡോ ജനവിഭാഗങ്ങള്‍  നൃത്തവും ദേവതാരാധനയുമോക്കെയായി  'ബ്വിസാഗു' എന്ന പേരിലാണ്   വിഷു ആഘോഷിക്കുന്നത്. ആസ്സാമില്‍: ബിഹു എന്ന പേരിലാണ് വിഷു ആഘോഷിക്കപ്പെടുന്നത് അസമിന്റെ ദേശീയോത്സവവുംകൂടിയായ ബിഹു ആഘോഷങ്ങള്‍ ഒരു മാസക്കാലത്തോളം നീണ്ടുനില്‍ക്കും. ബംഗാളത്തിലെ  വര്‍ണശബളമായ 'വിഷു'  ആഘോഷങ്ങളെ ബംഗാളികള്‍  'പഹേലാ ബൈശാഖ്' എന്ന് വിളിക്കുന്നു. വീടുകള്‍ ശുചീകരിച്ചും പുതുവസ്ത്രങ്ങളണിഞ്ഞും, വിവിധതരാം പലഹാരങ്ങള്‍ പങ്കുവച്ചും  'പഹേലാ ബൈശാഖ്' ആഘോഷിക്കുന്നു.

വിഷുവിനു തുല്യമായി   മറാത്തികളും കൊങ്കണികളും ഗുഡി പഡ് വ കൊണ്ടാടുന്നു. ഈ ആഘോഷത്തോടനുബന്ധിച്ച് എല്ലാവരും പുതുവസ്ത്രം ധരിക്കുകയും വീടുകള്‍ നിറങ്ങള്‍ ചാര്‍ത്തി അലങ്കരിക്കുകയും ചെയ്യുന്നു.  തമിഴ്‌നാട്ടില്‍ 'പുത്താണ്ട്' എന്നാ പേരിലാണ് വിഷുസംക്രമം ആഘോഷിക്കപ്പെടുന്നത്. ചക്കയും, മാങ്ങയും, വാഴപ്പഴവും, ദര്‍പ്പണവും മറ്റു മംഗളവസ്തുക്കളും കണികാണുന്ന ചടങ്ങ് തമിഴ് നാട്ടിലുമുണ്ട്. നേപ്പാള്‍, തായ്‌ലന്റ്, മ്യാന്മാര്‍, ശ്രീലങ്ക എന്നിവിടങ്ങളിലൊക്കെ വിഷു സംക്രമത്തോടനുബന്ധിച്ച് ഇത്തരത്തിലുള്ള ആഘോഷങ്ങള്‍ ഇന്നും നടന്നു വരുന്നു.

ഭാരതത്തിന്റെ തെക്കേയറ്റത്ത് മലയാളി തന്റെ പുതുവര്‍ഷാരംഭമായ വിഷുദിനത്തില്‍ മംഗളവസ്തുക്കള്‍ കണികണ്ടുണരുമ്പോള്‍ വടക്കേയറ്റത്ത്, വര്‍ണംകൊണ്ടും, ഭാഷകൊണ്ടും, ജീവിത രീതികള്‍ കൊണ്ടും വ്യത്യസ്ഥനായ കശ്മീരിയും തന്റെ പുതു വര്‍ഷമായ 'നവരേഹ്' ദിനം ആരംഭിക്കുന്നത് സമാനമായ കണികാണലിലൂടെയാണ്.

ജ്യോതിശാസ്ത്രവസ്തുതകളെ ഗൗരവപൂര്‍വ്വം നിരീക്ഷിക്കുകയും അവയെ കൃഷിയടക്കമുള്ള നിത്യ ജീവിതവുമായി ബന്ധപ്പെട്ട മേഖലകളില നിപുനതയോടെ ഉപയോഗപ്പെടുത്തുകയും ചെയ്തിരുന്ന നമ്മുടെ പ്രപിതാമഹന്മാരെക്കുറിച്ച് വിഷു നമ്മോടു നിശബ്ദമായ് സംവദിക്കുന്നു. ഒരു രാഷ്ട്രം ഭാഷാപരമായും, ഭൂമിശാസ്ത്രപരമായും ഭിന്നിച്ചു നിന്നാലും അതിന്റെ ആത്മാവാകുന്ന സംസ്‌കൃതി അത്തരം ഭിന്നതകളെ ഒക്കെ മനോഹരമായി സംയോചിപ്പിക്കുന്നത് എങ്ങനെയെന്ന് വിഷു നമുക്ക് മുന്നില്‍ അനാവരണം ചെയ്യുന്നു.  
ഭാരതം മുഴുവന്‍ അതിന്റെ തനതായ പുതുവര്‍ഷം ആഘോഷിക്കുന്ന ഈ വേളയില്‍ സമൃദ്ധിയും, സന്തോഷവും നിറഞ്ഞ ഒരു പുതുവര്‍ഷത്തിനായി നമുക്കും പ്രാര്‍ത്ഥിക്കാം..
വന്ദേ മാതരം,


(മാതൃവാണി മാസികയുടെ 2015 ഏപ്രിൽ ലക്കത്തിൽ പ്രസിദ്ധീകരിച്ച ലേഖനം)

No comments:

Post a Comment